ഞാൻ ഈ നാട്ടുകാരനല്ല

Share it:
നമ്മുടെ നാട്ടിൽ തന്നെയുള്ള പല ചെടികളും അന്യനാട്ടുകാരാണെന്ന് കൂട്ടുകാരിൽ എത്രപേർക്കറിയാം? കശുമാവ്, റബ്ബർ, കാപ്പി, യൂക്കാലിപ്റ്റസ് അങ്ങനെ എത്രയെത്ര! എന്താ അത്ഭുതം തോന്നുന്നുണ്ടോ?

ഈ വിദേശികൾ നമ്മുടെ നാട്ടിൽ സ്ഥിരതാമസം ആക്കിയിട്ട് നാളുകൾ ഏറെയായി കേട്ടോ. അതുകൊണ്ടുതന്നെ അവർ പരദേശികളാണെന്ന് പറയുമ്പോൾ വിശ്വസിക്കാൻ നമുക്ക് പ്രയാസം തോന്നും. ഇവരെക്കുറിച്ച് കൂടുതൽ അറിയുന്നത് ഏറെ രസകരം തന്നെയാണ്.

'താൻ ഈ നാട്ടുകാരനല്ല' എന്ന് നമ്മുടെ കശുമാവിനെ കണ്ടാൽ ആരെങ്കിലും പറയുമോ? പറങ്കി മാവ് എന്ന് വിളിക്കുന്ന കശുമാവിനെ ഇന്ത്യയിൽ എത്തിച്ചത് പതിനാറാം നൂറ്റാണ്ടിൽ പറങ്കികളാണ് (പോർച്ചുഗീസുകാർ). അതുകൊണ്ട് നമുക്കത് പറങ്കിമാവായി. ബ്രസീലിലാണ് ജന്മദേശം എങ്കിലും ഇന്ന് കശുമാവ് കൃഷി പ്രധാനമായും ഇന്ത്യയിലും ആഫ്രിക്ക, ഫിലിപ്പൈൻസ്, ശ്രീലങ്ക, മലയ എന്നീ രാജ്യങ്ങളിലും ആണുള്ളത്. ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്കാണ് കശുവണ്ടി വ്യവസായത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനം. വിദേശിയാണെങ്കിലും ആൾ മോശക്കാരനല്ലല്ലേ? നമുക്ക് വിദേശ നാണയം നേടിത്തരുന്ന ഈ വിദേശി നമ്മുടെ അടുത്ത ബന്ധുവായി കഴിഞ്ഞു.

വിദേശികളായ ഏതാനും കൂട്ടുകാരെ കൂടി നമുക്ക് പരിചയപ്പെടാം.

കാപ്പി
ഇന്ത്യയുടെ സമ്പദ്ഘടനയിൽ അതിപ്രധാനമായ ഒരു സ്ഥാനമുള്ള കാപ്പിയുടെ ജന്മനാട് അറേബ്യയാണ്. അവിടെനിന്ന് വളരെ വേഗം ലോകത്തിന്റെ നാനാഭാഗത്തേക്കും വ്യാപിച്ചു. 1841ൽ കർണാടകയിലെ ചിക്കുമംഗലൂരിന് സമീപമുള്ള ബാബാബുദാൻ കുന്നുകളിൽ ആണ് ഇന്ത്യയിലെ ആദ്യ കാപ്പിത്തോട്ടം ഉണ്ടായത്. കേരളം കർണാടകം തമിഴ്നാട് തുടങ്ങിയ ദക്ഷിണ സംസ്ഥാനങ്ങളാണ് കാപ്പി കൃഷിക്ക് പേരുകേട്ടത്.

റബ്ബർ
വലിച്ചാൽ നീളാനും പിടിവിട്ടാൽ പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള റബ്ബർ കേരളത്തിലെ മുഖ്യ കൃഷിയാണ്. എന്നാൽ റബറിന്റെ ജന്മദേശം ബ്രസീലാണ്. റബ്ബർ മരത്തിന്റെ ലാറ്റസിൽ നിന്നും വേർതിരിച്ചെടുക്കുന്ന റബ്ബറിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചാരം. വാഹനങ്ങളുടെ ടയറുകൾ, ട്യൂബുകൾ, കുഷ്യനുകൾ തുടങ്ങിയ ഒട്ടനവധി ആവശ്യങ്ങൾക്ക് റബ്ബർ ഉപയോഗിച്ചുവരുന്നു.

വാളൻപുളി
'പുളി' എന്ന് കേൾക്കുമ്പോൾ നാവിൽ വെള്ളമൂറുന്നുണ്ടോ? നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്ന വാളൻപുളി ഈ നാട്ടുകാരനല്ല എന്നറിയുമ്പോൾ വാപൊളിച്ചുപോവും അല്ലേ? എന്നാലിതാ കേട്ടോളൂ നമ്മുടെ വാളൻപുളിയുടെ നാട് ആഫ്രിക്കയാണ്. വർഷങ്ങൾക്കു മുമ്പ് പുളി ഇന്ത്യയിൽ എത്തി. ഇന്ന് പുളി നമ്മുടെ നാട്ടുകാരനും വീട്ടുകാരനുമൊക്കെയായി മാറി അല്ലേ?

ഗുൽമോഹർ
ഉദ്ദേശം ഒരു നൂറ്റാണ്ട് മുമ്പ് മടുഗാസ്കറിൽ നിന്ന് അലങ്കാരവൃക്ഷമായി ഇന്ത്യയിൽ കൊണ്ടുവന്നതാണ് ഇത്. വേനൽക്കാലത്ത് പൂക്കുന്ന ഗുൽമോഹറിന്റെ പൂക്കൾക്ക് ചുവന്ന നിറമാണ്.

അക്കേഷ്യ
ആസ്ട്രേലിയയാണ് ആക്കേഷ്യയുടെ ജന്മനാട്. ഇൻഡോനേഷ്യ, മലേഷ്യ, ടാൻസാനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്തുവരുന്നു. ഇന്ത്യയിൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇതിന്റെ കൃഷി ആരംഭിച്ചത്. ബംഗാളിലും ബീഹാറിലുമാണ് ഇത് വൻതോതിൽ കൃഷി ചെയ്യാൻ ആരംഭിച്ചത്. റോഡ് അരികിൽ വളർന്നുനിൽക്കുന്ന മഞ്ഞപ്പൂക്കൾ ഉള്ള അക്കേഷ്യ മരങ്ങൾ കൂട്ടുകാർ കണ്ടിട്ടില്ലേ?

കാറ്റാടിമരം
കാറ്റിന്റെ സ്പർശനമേറ്റാൽ കാവടിയാടുകയും ചൂളം വിളിക്കുകയും ചെയ്യുന്ന കാറ്റാടി മരങ്ങളുടെ നാട് ഓസ്ട്രേലിയയാണ്. വീടുകളിലും ഉദ്യാനങ്ങളിലുമൊക്കെ അലങ്കാര ചെടിയായി നാം വളർന്നു നട്ടുവളർത്തുന്ന കാറ്റാടി കഷ്വറൈന എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ഉപശാഖകൾ ആസ്ട്രേലിയയിലെ കഷ്വറിയ പക്ഷിയുടെ തൂവൽ പോലിരിക്കും. അതുകൊണ്ടാണ് ഈ ചെടിക്ക് കഷ്വറൈന എന്ന പേര് കിട്ടിയത്.

മഹാഗണി
1872 വെസ്റ്റിൻഡീസിൽ നിന്നാണ് മഹാഗണി ഇന്ത്യയിൽ എത്തിയത്. കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഈ വൃക്ഷത്തിന് നല്ല ഈടും ഉറപ്പുമുണ്ട്. ഫർണിച്ചറിനും കെട്ടിട നിർമ്മാണത്തിനും ഇന്ന് നമ്മുടെ നാട്ടിൽ മഹാഗണി വ്യാപകമായി ഉപയോഗിക്കുന്നു.

സിൽവർ ഓക്ക്
ഓസ്ട്രേലിയൻ മരമായ സിൽവർ വോക്ക് തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും തണൽമരമാകാൻ ഇന്ത്യയിൽ എത്തിയതാണ്. ഇതിന്റെ തടി പൾപ്പിനും പ്ലൈവുഡിനും ഉപയോഗിക്കുന്നു.

യൂക്കാലിപ്റ്റസ്
ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വനവിളയിൽ ഒന്നാണ് യൂക്കാലിപ്റ്റസ്. ഓസ്ട്രേലിയയിലാണ് ഇതിന്റെ ജന്മദേശം. ടിപ്പുവിന്റെ കാലത്ത് കർണാടകത്തിലെ നന്ദിമലയിൽ യൂക്കാലിപ്റ്റസിന്റെ 16 സ്പീഷീസുകൾ നട്ടതോടെ ഇന്ത്യയിൽ യൂക്കാലിപ്റ്റസിന്റെ ചരിത്രം ആരംഭിച്ചു.

പൈൻമരം
മധ്യ അമേരിക്കയിലാണ് പൈൻ മരങ്ങളുടെ ജന്മനാട്. കടലാസ് പൾപ്പ് ഉണ്ടാക്കാൻ വേണ്ടി വെച്ചു പിടിപ്പിക്കുന്ന മരങ്ങളാണ് ഇവ. കേരളത്തിൽ ഇപ്പോൾ 500 ഹെക്ടറിൽ അധികം ഉഷ്ണമേഖല പൈൻ തോട്ടങ്ങളുണ്ട്.

കരിമ്പന
യക്ഷി കഥകളിലും മറ്റും നിറഞ്ഞുനിൽക്കുന്ന കരിമ്പന കൂട്ടുകാരെ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടോ? കരിമ്പന ആഫ്രിക്കക്കാരനാണ്. ഇന്ത്യ, ബർമ്മ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഈ യക്ഷിമരം ധാരാളമായി കണ്ടുവരുന്നു. പാലക്കാട് ജില്ലയിലെ കരിമ്പനക്കാടുകളെപ്പറ്റി കേട്ടിട്ടില്ലേ? കരിമ്പനയിൽ നിന്ന് കള്ള് തടി പുറമേയ്ക്കാനുള്ള ഓല മുതലായവ കിട്ടുന്നു. കൂടാതെ തൊപ്പി വിശറി എന്നിവ ഉണ്ടാക്കാനും ഇത് ഉപയോഗിക്കും. പണ്ട് ഗ്രന്ഥ രചനക്ക് ഉപയോഗിച്ചിരുന്ന താളിയോല കുടപ്പനയുടെയും കരിമ്പനയുടെയും തളിരിലകൾ ആയിരുന്നു.

അന്യനാട്ടിൽ നിന്നും ചില അപകടകാരികളും നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട് കേട്ടോ കേരളത്തിലെ കായലുകളിലും മറ്റും കാണപ്പെടുന്ന 'ആഫ്രിക്കൻ പായൽ' ഇക്കൂട്ടത്തിൽ പെടുന്നു.
Share it:

Nature

Post A Comment:

0 comments: